വെർജീനിയ: ഇൻഫ്ലുവൻസ (ഫ്ലു) ബാധിച്ച് വെർജീനിയയിൽ നാല് വയസുകാരൻ മരിച്ചു. സംസ്ഥാനത്ത് ഈ സീസണിലെ ഇൻഫ്ലുവൻസ ബാധിച്ചുള്ള ആദ്യ ബാലമരണമാണ് ഇത്.
വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വെർജീനിയയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ള നാല് വയസുള്ള കുട്ടിയാണ് മരിച്ചത്.
കുടുംബത്തിന്റെ സ്വകാര്യത കണക്കിലെടുത്ത് കുട്ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പനിയെ പ്രതിരോധിക്കാൻ എല്ലാവരും എത്രയും വേഗം ഫ്ലൂ വാക്സീൻ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ഈ വർഷം ഡിസംബർ മുതൽ രോഗബാധിതരുടെ എണ്ണം വേഗത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
രോഗബാധ തടയാൻ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ:
- രോഗലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽ തന്നെ കഴിയുക
- സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക
- രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക